ബംഗളൂരു: രജിസ്ട്രേഷന് മതിയായ രേഖകൾ കരുതി വെയ്ക്കാൻ ആർഎസ്എസിന് മുന്നറിയിപ്പ് നൽകി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. കർണാടകയിൽ ആഭ്യന്തര വകുപ്പ് ഇപ്പോൾ ഭരിക്കുന്നത് യോഗ്യതയില്ലാത്തയാളാണെന്ന ബിജെപി നേതാവ് ആർ. അശോകയുടെ പോസ്റ്റിന് മറുപടിയെന്നോണമാണ് പ്രിയങ്ക് ഖാർഗെയുടെ പ്രതികരണം. മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ രണ്ട് തവണ തനിക്ക് വധഭീഷണി ലഭിച്ചുവെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. നിങ്ങൾ ഈ രാജ്യത്ത് ഒരു എൻജിഒ തുടങ്ങിയാൽ പോലും അതിന്റെ ആസ്ഥാനം എവിടെയാണെന്നും മറ്റ് വിവരങ്ങളും സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. ആർ എസ് എസ് എന്ന പ്രസ്ഥാനത്തിന്റെ കാര്യത്തിലും ഇത് ബാധകമാണെന്ന് മാത്രമാണ് താൻ അർഥമാക്കിയതെന്നും ഖാർഗെ പറഞ്ഞു.
പൊതുജനങ്ങളിൽ നിന്ന് വൻതോതിൽ സംഭാവനകൾ കൈപ്പറ്റുന്ന ആർ.എസ്.എസിന്, തങ്ങൾ വ്യക്തികളുടെ കൂട്ടായ്മയാണെന്ന് അവകാശപ്പെട്ട് നികുതിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. ആർഎസ്എസ് പതിറ്റാണ്ടുകളായി നിയമവിധേയമായാണ് പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് കോൺഗ്രസ് സംഘടനയെ ലക്ഷ്യമിടുന്നതെന്നും നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക കുറ്റപ്പെടുത്തി. അടുത്തിടെയാണ് ജി. പരമേശ്വരക്ക് പകരം പ്രിയങ്ക് ഖാർഗെ കർണാടക ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്.